ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താൻ ഉത്തരവിട്ടു സുപ്രീംകോടതി. ഭരണസൗകര്യം നോക്കി പൂജ മാറ്റിവയ്ക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റീസുമാരായ ജെ. കെ. മഹേശ്വരി, വിജയ് വിഷ്ണോയി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഡിസംബർ ഒന്നിനാണ് ഈ വർഷത്തെ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം. അന്നുതന്നെ പൂജ നടത്താനാണ് ഇടക്കാല ഉത്തരവിലൂടെ കോടതി നിർദേശിച്ചിരിക്കുന്നത്. തുലാമാസത്തിലെ ഏകാദശി ദിവസമായ നവംബർ രണ്ടിന് പൂജ നടത്താനായിരുന്നു നേരത്തെ എടുത്ത തീരുമാനം. തന്ത്രിക്ക് ഉചിതമെന്നു തോന്നിയാൽ ഈ ദിവസവും പൂജ നടത്താമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞതവണ വൃശ്ചിക മാസത്തിലെ ഏകാദശി നാളിൽ നടത്തുന്ന പൂജ തുലാമാസത്തിലെ ഏകാദശിയിലേക്കു മാറ്റിയിരുന്നു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരേ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണു സുപ്രീംകോടതിയെ സമീപിച്ചത്.
ഗുരുവായൂർ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തർക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടതു ദേവസ്വത്തിന്റെ നിയമപരമായ കടമയാണ്. ഇതിന്റെ ഭാഗമായാണു തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമന പൂജ തുലാമാസത്തിലേക്കു മാറ്റിയതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം.